പ്രാദേശിക ഭരണ സംവിധാനത്തിനും വികേന്ദ്രീകൃത ആസൂത്രണത്തിനും അന്താരാഷ്ട്ര തലത്തില്‍ തന്നെ മികച്ച മാതൃക ആകുവാന്‍ കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞു. ഒന്‍പതാം പദ്ധതി മുതല്‍ പതിമൂന്നാം പദ്ധതി വരെയുള്ള നമ്മുടെ പ്രാദേശിക ആസൂത്രണ രംഗത്തെ വളര്‍ച്ച ശ്രദ്ധേയമായിരുന്നു. പ്രളയവും കോവിഡും പോലുള്ള ദുരന്തങ്ങള്‍ നമ്മെ തേടി എത്തിയപ്പോള്‍ പ്രാദേശിക സര്‍ക്കാരുകളുടെ പ്രസക്തിയും ശക്തിയും നാം സ്വയം തിരിച്ചറിഞ്ഞു. തദ്ദേശ ഭരണ സംവിധാനത്തെക്കുറിച്ചും വികേന്ദ്രീകൃത ആസൂത്രണത്തെക്കുറിച്ചും ജനങ്ങള്‍ക്ക് അവബോധവും താത്പര്യവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വളരെ ലളിതമായാണ് ഈ കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.