കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിൽ നിലവിലുള്ള ഭരണസമിതിയുടെ കാലയളവ് 2020 നവംബര്‍ മാസം അവസാനിക്കുകയാണ്. പുതിയ ഭരണസമിതികൾ ഇതിനോടനുബന്ധിച്ച് നിലവിൽ വരേണ്ടതായുണ്ട്. ഇതിലേക്കായി സംസ്ഥാന സർക്കാരും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷനും നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി നിയോഗിതരാകേണ്ട ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ സുതാര്യവും നീതിപൂർവ്വകവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളിലെ നടപടിക്രമങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. ജനങ്ങളാകമാനം അണിനിരക്കുന്ന ഈ തെരഞ്ഞെടുപ്പ് വേളയിൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച ശരിയായ അവബോധം ഉദ്യോഗസ്ഥരിലും, പൊതുപ്രവർത്തകരിലും സാധാരണ വോട്ടർമാരായ ജനങ്ങളിലും സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്.ഈ ലക്ഷ്യത്തിനായുള്ള ഒരു ശ്രമമാണ് തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സംബന്ധിച്ച ഓൺലൈൻ പഠന കോഴ്സ് വഴി കില ഉദ്ദേശിക്കുന്നത്. എല്ലാ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ തക്ക രീതിയിലാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്.